പൊതു വിഭാഗം

നെക്കിങ്ങും പെറ്റിങ്ങും

നല്ല കാര്യങ്ങളുടെ ഒന്നിന്‍റെയും പേരില്‍ അടുത്തകാലത്തെങ്ങും പേര് കേട്ടിട്ടില്ലാത്ത ഒരു സ്ഥലം ആണല്ലോ സോമാലിയ. അത് കൊണ്ട് ഈ കഥ സോമാലിയയില്‍ നിന്ന് തുടങ്ങാം.

ആഫ്രിക്കന്‍ രാജ്യമായ സോമാലിയ ഒരു കാലത്ത് സമ്പന്നവും സമാധാനപരവും ആയിരുന്നു. വ്യാപാരവും കൃഷിയും എല്ലാം ആയി നല്ല പോലെ കഴിഞ്ഞതിനാല്‍ അവര്‍ക്ക് ഭാഷയിലും സംസ്കാരത്തിലും വന്‍പിച്ച പുരോഗതി ഉണ്ടായിരുന്നു.  ഇപ്പോള്‍ മൂന്നായി പിരിഞ്ഞു തമ്മില്‍ തല്ലി അത്യാവശ്യം തീവ്രവാദവും അതിലേറെ കടല്‍ കൊള്ളയും തൊഴിലാക്കി ജീവിച്ചു പോകുന്നു. എങ്കിലും ഭാഷയ്ക്ക്‌ കുഴപ്പം ഒന്നും വന്നിട്ടില്ല.

സോമാലി ഭാഷയില്‍ ഒട്ടകത്തിനു നാല്പത്തി ആറ്  പേരുകള്‍ ഉണ്ടെന്നാണ് പ്രശസ്തി. ആണ്, പെണ്ണ്, കുഞ്ഞ്, തള്ള, പ്രസവിച്ചത്, പ്രസവിക്കാത്തത് എന്ന് തുടങ്ങി ആണ്‍കുട്ടികള്‍ക് മാത്രം അച്ഛനാകുന്ന  ഒട്ടകത്തിനു വരെ അവിടെ വേറെ പേരുണ്ടാത്രേ (കുട്ടി ആണാകുന്നത്   അച്ഛന്‍റെ ഗുണം കൊണ്ടല്ലെങ്കിലും പേര് കിടക്കട്ടെ).
അറബിക് ഭാഷയില്‍ ഒട്ടകത്തിനു ആയിരത്തില്‍ കൂടുതല്‍ പേരുണ്ടെന്നും പറയപ്പെടുന്നു. സത്യമാവാം.
ഒരു ഭാഷയില്‍ ഒരു വസ്തുവിനോ പ്രക്രിയക്കോ ധാരാളം വാകുണ്ടാവുന്നത് ആ നാട്ടിലോ സംസ്കാരത്തിലോ ആ വസ്തുവിനോ   പ്രക്രിയക്കോ എന്ത് മാത്രം സ്ഥാനം ഉണ്ടെന്നുള്ളതിനെ അനുസരിച്ചിരിക്കും. ഉദാഹരണത്തിന് കേരളത്തില്‍ വെള്ളം ഒഴുകുന്ന ചാലുകള്‍ക്ക്
ചാല്, തോട്, അരുവി, ആറ്, പുഴ എന്നിങ്ങനെ പല പേരുകള്‍ ഉണ്ട്. മരുഭൂമിയുല്‍ ഉള്ള ഒരു ഭാഷയ്ക്ക്‌ വെള്ളം ഒഴുകുന്നതിനു   ഇത്ര മാത്രം പേരുകള്‍ ഉണ്ടാകേണ്ട ആവശ്യം ഇല്ലല്ലോ. അറബിയില്‍  ഇതിനു പൊതുവേ പറയുന്ന വാക്കുകള്‍ ചിലപ്പോള്‍ വെള്ളം ഉള്ളതും മിക്കവാറും
വെള്ളം ഇല്ലാത്തതും ആയ പുഴ ആണ്.
കഴിഞ്ഞ ആഴ്ചത്തെ മാതൃഭൂമി  ഓണ്‍ലൈന്‍ എഡിഷനില്‍ ജിജോ സിറിയക് എന്ന ആളുടെ ഒരു ലേഖനം ഉണ്ടായിരുന്നു. “മനസ്സില്‍ ഒരു ലക്ഷ്മണ രേഖ” http://www.mathrubhumi.com/health/mental-health/wellness-188427.html  എന്ന പേരില്‍. കൊച്ചിയില്‍ നിന്നും ബാംഗളൂര്‍ക് ബസില്‍ പോയ ഒരു പെണ്‍കുട്ടി ബസില്‍ വച്ച് ഒരു ആണ്‍ കുട്ടിയോടൊപ്പം പുതപ്പിനടിയില്‍ എന്തോ ചെയ്തുവത്രേ. അദ്ദേഹത്തിലെ മോറല്‍ പോലീസ് ഉണര്‍ന്നു. പിന്നങ്ങോട്ട് യാതൊരു അടിസ്ഥാനവും ഇല്ലാതെ വീട് വിട്ടു നില്‍കുന്ന പെണ്‍കുട്ടികളെ കുറിച്ച് ആക്ഷേപം. അവര്‍ ബാറില്‍ പോകുന്നു, ഗര്‍ഭം കലക്കുന്നു എന്നിങ്ങനെ. അതും പോരഞ്ഞിട്ട് ഇവരെല്ലാം ചിദ്രമായ   കുടുംബത്തില്‍ നിന്നാണെന്ന് മറ്റൊരു തിയറി. ഏറ്റവും കഷ്ടം, ഇത് വായിച്ചിട്ട് ടണ്‍   കണക്കിന് അഭിനന്ദനങ്ങള്‍ അദ്ദേഹത്തിന്.

എനിക്ക് കഷ്ടം തോന്നി. പതിനെട്ടു വയസ്സ് ആയ ഇന്ത്യന്‍ യുവാക്കള്‍ക് പ്രധാനമന്ത്രിയെ വരെ തിരഞ്ഞെടുക്കാനുള്ള ലോകസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള പ്രായപൂര്‍ത്തി ആയെന്നു നമ്മുടെ ഭരണഘടന പറയുന്നുണ്ട്. അവര്‍ ചെയ്യ്ന്നും ഉണ്ട്. അപ്പോള്‍ പതിനെട്ടു വയസ്സുള്ള പെണ്‍കുട്ടി ഒരു ആണ്‍കുട്ടിയുടെ കൂടെ എന്തെങ്കിലും കാണിക്കുന്നതിനു ഇദ്ദേഹത്തിനു എന്താണ്?  അതന്വേഷിക്കാന്‍ ഇദ്ദേഹത്തെ ആര്  ചുമതലപ്പെടുത്തി? ഈ പറഞ്ഞ ഗര്‍ഭം കലക്കലിനും കുടുംബചിദ്രതിനും അദ്ദേഹത്തിന് എന്തെങ്കിലും കണക്കുകള്‍  ഉണ്ടോ?

സത്യമായ കാര്യം കേരളം ഇപ്പോഴും ഒരു പുരുഷ മേധാവിത്ത സമൂഹം ആണെന്നാണ്. സൌദിയില്‍ ആണ്‍ തുണ  ഇല്ലാതെ പെണ്ണുങ്ങള്‍ പുറത്തിറങ്ങരുത് എന്ന നിയമത്തെ നമ്മള്‍ കുറച്ചു പറയാറുണ്ടെങ്കിലും വയ്കീട്ടു ആറ് മണിക്ക് ശേഷം നമ്മുടെ ഗ്രാമത്തിലോ നഗരത്തിലോ ഒറ്റക്കുള്ള പെണ്ണുങ്ങളുടെ സംഖ്യ കുറയുന്നത് എന്ത് കൊണ്ട്? നമ്മുടെ സിനിമാക്കൊട്ടകളില്‍ ഒറ്റയ്ക്ക് വരാന്‍ എത്ര പെണ്‍കുട്ടികള്‍കു ധൈര്യം  ഉണ്ടാകും? പള്ളിപെരുന്നളുകളില്‍ രാത്രിയോ, പേരുകേട്ട തൃശൂര്‍ പൂരത്തിന് പകലോ ഒറ്റയ്ക്ക് തിരക്കിനിടയില്‍ എത്ര പെണ്‍കുട്ടികള്‍ പോകും. പോകാന്‍ നമ്മള്‍ അനുവദിക്കുമോ? എന്തിന്, തിരക്കിനു നമ്മള്‍ പുരുഷാരം എന്നല്ലേ പറയുന്നത്. ഈ ജിജോമാരും വാനര സേനക്കാരും  ഒക്കെ അതിനെ നിലനിര്‍ത്താന്‍ നോക്കുന്നവരാണ്. നമ്മുടെ പെണ്‍കുട്ടികളെ രക്ഷിക്കേണ്ടത് അവരെ പൊതു സ്ഥലത്ത് നിന്നും അകല്തി നിര്‍ത്തിയിട്ടല്ല , പൊതു സ്ഥലം അവര്‍ക്ക് കൂടി ആസ്വദിക്കാന്‍ തുറന്നു കൊടുത്തു കൊണ്ടാണ്. അങ്ങനെ ഉള്ള ഒരു സ്ഥലം ആണ് സംസ്കര സമ്പന്നം. അല്ലാതെ നാട്ടിലെ എല്ലാ ആണുങ്ങളും മോറല്‍ പോലീസ് ചമഞ്ഞു കുറ്റാന്വേഷണം നടത്തുന്നിടം അല്ല.

നമ്മുടെ പെണ്‍കുട്ടികള്‍ ഈ കൊട്ടിയടച്ച പൊതു സ്ഥലങ്ങളില്‍ നിന്നും ഒരു പരിധി വരെ രക്ഷ നേടുന്നത് കേരളത്തിന്‌ പുറത്തു പോകുമ്പോഴാണ്. അത് കൊണ്ടാണ് കേരളത്തിലെ പെണ്‍കുട്ടികള്‍ കേരളത്തിന്‌ പുറത്തു പോകാന്‍ ഇത്ര താല്‍പര്യപ്പെടുന്നത്‌.  കേരളത്തിന്‌  പുറത്തുള്ള പല കുടുംബങ്ങളും  കേരളത്തിലേക്ക് തിരിച്ചു വരാന്‍ മടി കാണിക്കുന്നതിന്‍റെ ഒരു കാരണം വീട്ടിലെ പെണ്‍കുട്ടികള്‍  അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം ആണ്. അപ്പോള്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ ബംഗ്ലൂരില്‍ ചെന്നാലും പുറത്തിരങ്ങരുതെന്നോ, വേണമെങ്കില്‍ ബാറില്‍ പോകരുതെന്നോ പറയാന്‍ ഈ വിദ്വാനു എന്താണ് കാര്യം? ഇതെല്ലം വേണമെങ്കില്‍ സ്വന്തം വീട്ടില്‍ പറയട്ടെ, അവര്‍ അനുസരിക്കുമെങ്കില്‍ അനുസരിക്കട്ടെ. ബസിലെ പെണ്‍കുട്ടിയെ വെറുതെ വിടുക.

വാസ്തവം പറഞ്ഞാല്‍, എന്‍റെ അഭിപ്രായം തീര്‍ത്തും തിരിച്ചാണ്. ഈ ഇരുപതൊന്നാം നൂറ്റാണ്ടിലും നമ്മുടെ കുട്ടികള്‍ ആവശ്യത്തിനു സ്വതന്ത്രമായി ഇടപെടുന്നില്ല. സ്വന്തം ഇഷ്ടത്തിനും താല്പര്യത്തിനും ഒത്ത പങ്കാളികളെ കണ്ടെത്തി ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞും മനസ്സിലാക്കിയും വേണ്ടത്ര തയ്യാറെടുപ്പുകളോടെ അല്ല അവര്‍ വിവാഹത്തിനോരുങ്ങുന്നത്. മറിച്ച്, ഷാദി ഡോട്ട് കോം പോലെ ഏതെങ്കിലും ഒരു സൈറ്റില്‍ നോക്കി, ആളുടെ ഫോട്ടോ കണ്ട്, പിന്നെ ജാതകവും നോക്കി എല്ലാം ശരിയെങ്കില്‍ ഒന്നും രണ്ടും ആഴ്ച്ച്ക്കകം കല്യാണം കഴിക്കുന്ന എത്രയോ പേരെ എനിക്കറിയാം. അറുപഴഞ്ചന്‍ ആയ ഈ സങ്കലപത്തെ പുതിയ തലമുറയും കെട്ടിപ്പിടിച്ചിരിക്കുന്ന കാഴ്ചയാണ് ഒരു പുതപ്പിനടിയില്‍ യുവതീ യുവാക്കള്‍ കെട്ടിപ്പിടിച്ചിരിക്കുന്നതിനെക്കാള്‍  എന്നെ സങ്കടപെടുത്തുന്നത്.

കുട്ടികളെ, എനിക്കൊന്നെ  പറയാനുള്ളൂ.  നെക്കിംഗ് എന്നും പെറ്റിങ്ങും എന്നും രണ്ടു വാകിനു മലയാളം ഇല്ല. സത്യം പറഞ്ഞാല്‍ റൊമാന്‍സ് എന്ന വാക്കിനു  പോലും പറ്റിയ മലയാളം നമുക്കില്ല. ഞങ്ങളുടെ തലമുറക്കോ പ്രവര്‍ത്തി കൊണ്ട് ആ വാക്കുകള്‍ ഉണ്ടാക്കാന്‍ പറ്റിയില്ല. നിങ്ങള്‍, ഈ ജിജോ സിറയാകോ, തോഗാടിയയോ   മറ്റു പിന്തിരിപ്പന്‍മാരോ പറയുന്നത് കേട്ട് മാറി നില്‍കാതെ, ധൈര്യം ആയി നിങ്ങളുടെ വിചാരങ്ങളും വികാരങ്ങളും പരസ്യമായി   പ്രകടിപ്പിക്കൂ. നാട്ടില്‍ റൊമാന്‍സ് ഉണ്ടാകട്ടെ, ഭാഷയില്‍ വാക്കുകള്‍ ഉണ്ടാകട്ടെ.

സോമാലിയ ഭാഷയിലെ ഒട്ടകം പോലെ പ്രേമത്തിന് അനവധി വാക്കുകള്‍ മലയാളത്തില്‍ ഉണ്ടാകട്ടെ.

1 Comment

Leave a Comment